National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകവേ വിമത എംഎൽഎമാരെയും എംപിമാരെയും അനുനയിപ്പിച്ച് കൂടെ നിർത്താൻ മമത ബാനർജി നീക്കമാരംഭിച്ചു. ഓരോ എംഎൽഎയും നേരിട്ട് കാണാനാണു മമതയുടെ ശ്രമം. 58 തൃണമൂൽ എംഎൽഎമാരാണ് വിമതനേതാവ് ഋതബ്രത ബാനർജിക്കൊപ്പം നിലകൊള്ളുന്നത്.
ഹൗറ, മൂർഷിദാബാദ്, നോർത്ത് ദിനാജ്പുർ എന്നീ ജില്ലകളിൽനിന്നുള്ള നിരവധി എംഎൽഎമാരുമായി മമത സംസാരിച്ചു. ഇവരിൽ പലരും ഋതബ്രത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു.
എംപിമാരെ ഒപ്പംനിർത്താനും മമത ശ്രമമാരംഭിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും ഓരോ വിശ്വസ്ത എംപിമാരെയാണ് ഈ ദൗത്യത്തിനു നിയോഗിച്ചിട്ടുള്ളത്. 20 എംപിമാർ ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിയിൽ സ്വാധീനമുറപ്പിക്കുന്നതിനെതിരേയാണ് തങ്ങൾ പോരാട്ടം നടത്തുന്നതെന്നാണ് വിമത പക്ഷം പറയുന്നത്.
മമതയുടെ നേതൃത്വം അംഗീകരിക്കാൻ തയാറാണെന്നും പാർട്ടി ഉപദേശകയാക്കാമെന്നുമാണു വിമത നേതാക്കൾ പറയുന്നത്. എന്നാൽ, മമത ബാനർജിയെ തരംതാഴ്ത്താൻ അനുവദിക്കില്ലെന്നും പാർട്ടിയുടെ പരമോന്നത നേതാവായി നിലനിർത്തണമെന്നും ഒട്ടേറെ വിമത എംഎൽഎമാർ ആവശ്യപ്പെടുന്നു. മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമത എംഎൽഎ ഗുൽഷൻ മുല്ലിക് പറഞ്ഞു.
യോഗത്തിനെത്തിയത് എട്ട് എംഎല്‍എമാരും ആറ് എംപിമാരും മാത്രം
തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ് വ്യാപിക്കുന്നു. 23 തൃണമൂല്‍ എംപിമാര്‍ വിമത പക്ഷത്താണെന്നാണു റിപ്പോര്‍ട്ട്. ഇന്നലെ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയത് എട്ട് എംഎല്‍എമാരും ആറ് എംപിമാരും മാത്രം.
ലോക്സഭയില്‍ 29ഉം രാജ്യസഭയില്‍ 13ഉം എംപിമാരാണു തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവായി പ്രത്യേക പാര്‍ട്ടിയാകാന്‍ ലോക്സഭയിലെ 22 എംപിമാരുടെ പിന്തുണ വിമത പക്ഷത്തിനു ലഭിക്കണം.
കഴിഞ്ഞയാഴ്ച മമത വിളിച്ചുചേര്‍ത്ത യോഗത്തില്‍ 80ല്‍ 20 എംഎല്‍എമാര്‍ മാത്രമാണ് എത്തിയിരുന്നത്. അതാണ് ഇത്തവണ എട്ടായി ചുരുങ്ങിയത്.
മേഖ്ലിഗഞ്ചിൽ അഞ്ചു തൃണമൂൽ കൗൺസിലർമാർ കോൺഗ്രസിൽ
വടക്കൻ ബംഗാളിലെ മേഖ്ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ അഞ്ച് തൃണമൂൽ കോൺഗ്രസ് കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നു. ഇതോടെ തൃണമൂലിനു ഭരണം നഷ്ടമായി.
ഒന്‍പതു വാർഡുള്ള മുനിസിപ്പാലിറ്റിയിൽ എട്ടു വാർഡും തൃണമൂലിനായിരുന്നു. ഒരു വാർഡിൽ വിജയിച്ചത് ബിജെപിയായിരുന്നു. ചെയർമാൻ പ്രഭാത് പട്നി അടക്കം അഞ്ചു പേർ കൂറുമാറിയതോടെ മേഖ്ലിഗഞ്ചിൽ ഭരണം കോൺഗ്രസ് പിടിക്കും.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. മമതയുടെ വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കീം കോല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവച്ചു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ ഭരണത്തിലെത്തിയതിന് പിന്നാലെ പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫിര്‍ഹാദ് ഹക്കീം നേരത്തെ രാജിവയ്ക്കാന്‍ അനുമതി തേടിയിരുന്നു.
എന്നാൽ ഫിര്‍ഹാദ് ഹക്കീമിനോട് രാജിവയ്ക്കരുതെന്ന് മമത ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും രാജി വയ്ക്കാൻ അനുവാദം തേടി മമതയെ സമീപിച്ച ഹക്കീമിന് രാജിവയ്ക്കാൻ അനുവാദം നൽകുകയായിരുന്നെന്നാണ് ടിഎംസി എംഎല്‍എ കുനാല്‍ ഘോഷ് അറിയിക്കുന്നത്.
2018 മുതല്‍ ഫിര്‍ഹാദ് ഹക്കീം കോൽക്കത്ത മേയറായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിരവധി തവണ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനർജി പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു.
എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ സ്പീക്കർ അംഗീകരിക്കുകയായിരുന്നു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു.
ഇതേ തുടർന്നായിരുന്നു ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതേസമയം ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.
National
കോൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് 177 സീറ്റുകളിൽ വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി. പ്രയാസകരമായ ഘട്ടത്തിൽ താൻ തൃണമൂൽ പ്രവർത്തകരെ ഉപേക്ഷിച്ചുപോകില്ലെന്ന് മമത പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു മമത. സെൻട്രൽ കോൽക്കത്തയിലെ എസ്പ്ലനേഡിലാണ് മമതയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
“സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ഞങ്ങളുടെ പ്രവർത്തകർക്കു നേരേ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഞാൻ പോരാട്ടം തുടരും. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാനാണ് ശ്രമമെങ്കിൽ അറസ്റ്റു വരിക്കാൻ ഞാൻ തയാറാണ്. തെരഞ്ഞെടുപ്പിനു പിന്നാലെ 12 തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.” - മമത ആരോപിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കു നേരേ സോനാർപുരിൽ ഉണ്ടായ ആക്രമണത്തെയും അവർ ശക്തമായി അപലപിച്ചു.
പശ്ചിമബംഗാളിൽ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പൂർണമായി തകർക്കാനാണ് ബിജെപി ശ്രമം. വരും ദിവസങ്ങളിൽ കോൽക്കത്തയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയില്ലെങ്കിൽ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കുമെന്നും മമത മുന്നറിയിപ്പു നല്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ടിഎംസി പിളർപ്പിലേക്ക് നീങ്ങുന്നത്.
പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. എന്നാൽ ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 80 എംഎൽഎമാരിൽ 50 പേരുടെ പിന്തുണ റിതബ്രത ബാനർജിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമത വിഭാഗം നീക്കം തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് റിതബ്രത ബാനർജിയെയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടിഎംസി പുറത്താക്കിയിരുന്നു.
വിമത വിഭാഗം തങ്ങളാണ് യഥാർഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നേതാക്കളുടെ എതിർപ്പ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടാണെന്നാണ് വിവരം.
ഞായറാഴ്ച മമത ബാനർജിയുടെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ടിഎംസിയുടെ 80 എംഎൽഎമാരിൽ 60 പേരും പങ്കെടുത്തില്ല. അസംതൃപ്തരായ ടിഎംസി എംഎൽഎമാരെ ഒപ്പം നിർത്താനും പാർട്ടി പിളർപ്പിൽ എത്താതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് മമത ബാനർജി.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിലിഗുഡി സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മേയ് 20നാണ് ഇവർ മമതയ്ക്കെതിരേ പരാതി നൽകിയത്.
2025ൽ നടന്ന മതപരമായ പരിപാടിയിലും പിന്നീട് നടന്ന പൊതുയോഗത്തിലും മമത നടത്തിയ പരാമർശങ്ങൾ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആഴത്തില്‍ മുറിവേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
National
കോൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി മമത ബാനർജി. കോൽക്കത്തയിലെ മമതയുടെ വസതിയിൽ ചേർന്ന അടിയന്തര പാർട്ടി യോഗത്തിലാണ് സംഘടനയെ താഴെത്തട്ട് മുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
നിലവിലെ രാഷ്ട്രീയ തിരിച്ചടി താൽക്കാലികം മാത്രമാണ്. പ്രവർത്തകർ നിരാശരാകാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. തോൽവിയുടെ കാരണങ്ങൾ കൃത്യമായി വിലയിരുത്തി പാർട്ടിയിൽ വലിയ തോതിലുള്ള പുനഃസംഘടന ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചനകൾ.
തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. പാർട്ടിയെ വീണ്ടും മുന്നിലെത്തിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിലവിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് മമത ഇപ്പോൾ മറ്റുള്ളവരുടെ പിന്തുണ തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമത ബാനർജിയുടെ രാഷ്ട്രീയ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ കാണിച്ചിരുന്ന ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ലെന്നും, നിലനിൽപ്പിനായി സഖ്യങ്ങളെയും പിന്തുണയെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഭരണരംഗത്തും രാഷ്ട്രീയത്തിലും നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ മമത ബാനർജി നടത്തുന്ന നീക്കങ്ങൾ അവരുടെ ബലഹീനതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ സംസ്ഥാന ഭരണത്തിൽ തൃണമൂൽ കോൺഗ്രസ് വലിയ സമ്മർദത്തിലാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ശക്തമാക്കുന്നത്.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഭിന്നത ഈ പ്രസ്താവനയിലൂടെ വീണ്ടും പ്രകടമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ വാക്പോരുകൾക്ക് ഇത് വഴിവെച്ചേക്കാം.
National
കോൽക്കത്ത: ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും അണിനിരക്കണമെന്നും സഹകരിക്കാൻ താൽപര്യമുള്ള എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യുമെന്നും ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. കാളിഘട്ടിലെ വീടിനു മുൻപിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.
ഇടതു പാർട്ടികളും തീവ്ര ഇടതുപാർട്ടികളും ഉൾപ്പെടെ എല്ലാ പാർട്ടികളും ബിജെപിക്കെതിരേ രംഗത്തിറങ്ങണം. ടഗോറിന്റെ ജന്മദിനത്തിൽ തൃണമൂൽ കോൺഗ്രസ് പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും മമത പറഞ്ഞു. ബിജെപി അധികാരത്തിലേറിയതോടെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സാമൂഹിക വിരുദ്ധർ ബിജെപിയുടെ വിവിധ പദവികളിൽ എത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.
സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം സമൂഹമാധ്യമമായ എക്സിലും ഫേസ്ബുക്കിലും മമത തന്റെ ബയോ മാറ്റി. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാൻ മമത വിസമ്മതിച്ചിരുന്നു. തുടർന്നു ഗവർണർ നിയമസഭ പിരിച്ചുവിടുകയായിരുന്നു.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്.എന്‍. രവി നിയമസഭ പിരിച്ചുവിട്ടത്. അതേസമയം മമത ബാനർജി രാജിവയ്ക്കാൻ തയാറായിരുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. ശനിയാഴ്ച ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. വെള്ളിയാഴ്ച ഗവർണർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും മമതയെ പ്രകീർത്തിച്ച് അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ സാഹചര്യവും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള പിന്തുണ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കോൽക്കത്തയിലെ മമതയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടന്നത്. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ബിജെപി ബംഗാളിലെ തെരെഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് മമത കോടതിയെ സമീപിക്കുന്നത്.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത സുപ്രീംകോടതിയെ സമീപിക്കുക.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹർജി നൽകാനാണ് മമത ബാനർജിയുടെ നീക്കം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത അറിയിച്ചിരുന്നു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു മമതയുടെ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ബാനർജി ആരോപണം ഉന്നയിച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറാകാത്ത മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി. മമതയുടെ ഈ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗവർണർ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം കമ്മീഷൻ സാക്ഷ്യപ്പെടുത്തിയ നിമിഷം മുതൽ മമത ബാനർജി മുഖ്യമന്ത്രി അല്ലാതായി മാറിയെന്ന് ജഠ്മലാനി പറഞ്ഞു. ഇപ്പോൾ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത് ഒരു 'അതിക്രമിച്ചു കയറിയ ആളെപ്പോലെ' ആണെന്നും അദ്ദേഹം പരിഹസിച്ചു.
മമത അന്തസ്സോടെ രാജിവെക്കാൻ തയ്യാറല്ലെങ്കിൽ ഗവർണർക്ക് അവരെ പുറത്താക്കാൻ അധികാരമുണ്ട്. ആവശ്യമെങ്കിൽ പോലീസിനെ ഉപയോഗിച്ച് ഓഫീസിൽ നിന്ന് ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അവരെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്" എന്നാണ് ജഠ്മലാനി പ്രതികരിച്ചത്.
തുടർച്ചയായ മൂന്ന് ടേമുകൾക്ക് ശേഷം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും, 100 സീറ്റുകൾ ബിജെപി 'മോഷ്ടിച്ചതാണ്' എന്നാണ് മമത ആരോപിക്കുന്നത്. സ്വന്തം മണ്ഡലമായ ഭബാനിപൂരിൽ തോറ്റ മമത, രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമതാ ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർഥ ജനവിധിയല്ലെന്നും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു.
ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമതാ പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവയ്ക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല.
ഞങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.- കോൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി പറഞ്ഞു.
തന്റെ യഥാർഥ എതിരാളി ബിജെപിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. കമ്മീഷൻ വൃത്തികെട്ട കളി കളിച്ചു. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്.
വോട്ടർ പട്ടികയിൽനിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തു. കോടതിയിൽ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിൽ.
മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലെന്നപോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് തെരഞ്ഞെടുപ്പിൽ ഇടപെട്ടു. ഏകദേശം 100 സീറ്റുകൾ തങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് തട്ടിയെടുത്തു.
നടന്നത് തെരഞ്ഞെടുപ്പല്ല. കേന്ദ്ര ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തിയ ഒത്തുകളി ആയിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും മോശമായ ഒരു തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു.
ഒരു പോളിംഗ് സ്റ്റേഷനിൽവച്ച് താൻ ശാരീരികമായി ആക്രമിക്കപ്പെട്ടു. വയറ്റിലും പുറത്തും മർദ്ദനമേറ്റു. ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു. കൗണ്ടിംഗ് സ്റ്റേഷനിൽനിന്നു തന്നെ പുറത്തേക്ക് തള്ളി. വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ എങ്ങനെ 80-90 ശതമാനം ചാർജ് അവശേഷിച്ചുവെന്നും അവർ ചോദിച്ചു.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു മുമ്പ് കൗണ്ടിംഗ് ഏജന്റുമാരുടെ യോഗം വിളിച്ച് മമത ബാനർജി. ഇന്ന് വൈകുന്നേരം നാലിന് വെർച്വലായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ എല്ലാ കൗണ്ടിംഗ് ഏജന്റുമാരും പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടെണ്ണലിന് കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരാക്കിയതിനെതിരെ തൃണമൂൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സൂപ്പർവൈസർമാരാക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽ നിന്നാണ് വരുന്നതെന്നും മമത ബാനർജി പറഞ്ഞു.
ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുറത്തുവന്ന കണക്കുകൾ. 226ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.
ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു. ആളുകൾ ഒരുമിച്ച് നിൽക്കണം. എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം. ആവശ്യമെങ്കിൽ ഇവിഎം സ്ട്രോംഗ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 142 ൽ 123 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
National
കോൽക്കത്ത: നീണ്ട ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ച് വർഷത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ. സംസ്ഥാനത്ത് ടിഎംസിയുടെ ഗുണ്ടാപ്പിരിവ് ഇപ്പോഴും നിർബാധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ സർക്കാരിന്റെ ഭരണ പരാജയങ്ങളും അഴിമതികളും എടുത്തുപറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ വോട്ടർമാരോട് അഭ്യർഥിച്ചു.
Kerala
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപുർ മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ മണ്ഡലത്തിലുള്ള സർവെ ബിൽഡിംഗിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
2011 മുതൽ ഭവാനിപുരിലെ എംഎൽഎയാണ് മമത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഭവാനിപുരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി. സുവേന്ദു ഈ മാസം രണ്ടിന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
294 മണ്ഡലങ്ങളുള്ള ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടവും 29ന് രണ്ടാം ഘട്ടവും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.
International
ബെതുദാഹരി (പശ്ചിമ ബംഗാള്‍): തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും കോൺഗ്രസുമായും ബിജെപി ഡീൽ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.
പശ്ചിമ ബംഗാളില്‍നിന്നുള്ള നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരായി അയച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാളില്‍ ഏകദേശം 500 ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ മാറ്റിയതെന്ന് മമത ആരോപിച്ചു. തൃണമൂല്‍ സ്ഥാനാര്‍ഥികളെ പിന്തുണച്ചുകൊണ്ട് നാദിയ ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം, മാംസം, മുട്ട എന്നിവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എസ്ഐആര്‍ കാരണം ബംഗാളില്‍ 250 പേര് മരിച്ചു.
ബിജെപി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കുറച്ചുകാലം താമസിച്ചവര്‍ക്ക് പൗരത്വം നല്‍കിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. നാളെ ഭബാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
National
കോല്‍ക്കത്ത: രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി അക്രമം വളർത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കലാപത്തിന് പ്രേരിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നതെന്നും മമത ആരോപിച്ചു.
ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള ഭക്ഷണശീലങ്ങള്‍ക്ക് ബംഗാളിൽ നിയന്ത്രണമുണ്ടാകുമെന്നും മമത ബാനര്‍ജി. ഞായറാഴ്ച പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബിജെപി ഒരു മതത്തെയും ബഹുമാനിക്കുന്നില്ല. അവർ കലാപങ്ങൾ നടത്തുകയാണ്. നിങ്ങള്‍ക്ക് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി പറയുന്നത്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വർധിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി പട്ടികയിൽനിന്ന് എട്ടു ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
27 ലക്ഷം പേരുടെ സപ്ലിമെന്ററി പട്ടികയിൽനിന്നാണ് എട്ട് ലക്ഷം പേരെ വെട്ടിയതെന്ന് അവർ പറഞ്ഞു.
ജുഡീഷൽ പരിശോധനയ്ക്കു വിധേയരായ 60 ലക്ഷം പേരുടെ ആദ്യ സപ്ലിമെന്ററി പട്ടിക തിങ്കളാഴ്ച രാത്രി വൈകി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടുത്തിയവരുടെയോ പുറത്താക്കിയവരുടെയോ കണക്ക് കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദുരുദ്ദേശ്യപരമായ എസ്ഐആർ നടപ്പാക്കി ബിജെപി ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് അവർ പറഞ്ഞു.
National
കോൽക്കത്ത: കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കമ്മ്യൂണിക്കേഷനിൽ ബിജെപി ചിഹ്നം പതിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. "പൂച്ച പുറത്തുചാടിയിരിക്കുന്നു" എന്ന് പറഞ്ഞ മമത, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടംപാലകരായി മാറിയെന്ന് ആരോപിച്ചു.
ബംഗാളിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ വിതരണം ചെയ്ത വോട്ടർ പട്ടികയുടെ കവറുകളിലും രേഖകളിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ചിഹ്നം കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്. സർക്കാർ സംവിധാനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും ബിജെപി കാവിവത്കരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചരണ വിഭാഗമായി മാറിയത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ പറഞ്ഞു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർധിപ്പിക്കും.
ജനറൽ വിഭാഗത്തിന് 1,500 രൂപയും മാസം തോറും ലഭിക്കും. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്നത് തുടരും. ഓരോ ബ്ലോക്കിലും നഗരത്തിലും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഗുണമേന്മയുള്ള ചികിത്സ വീട്ടുപടിക്കൽ എത്തിക്കുകയും ചെയ്യും.
കർഷക കുടുംബങ്ങളെ സഹായിക്കുന്നതിനും കൃഷി ആധുനികവൽക്കരിക്കുന്നതിനുമായി 30,000 കോടി രൂപയുടെ കാർഷിക ബജറ്റ് നടപ്പിലാക്കും. എല്ലാ സർക്കാർ സ്കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. എല്ലാവർക്കും വീടും കുടിവെള്ളം എത്തിക്കും.
ഏഴ് പുതിയ ജില്ലകളുടെ രൂപീകരണം എന്നിവയും പത്രികയിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭരണപരമായ ഇടപെടലുകൾ നടത്തുകയാണെന്നും സംസ്ഥാനത്ത് അശാന്തി പടർത്താൻ അതിർത്തി കടന്ന് പണവും ആയുധങ്ങളും എത്തിക്കാൻ ശ്രമിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.
National
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പശ്ചിമബംഗാളിലെ 50-ലധികം മുതിർന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്ത നടപടിയിൽ രൂക്ഷവിമർശനവുമായി പശ്ചിമാബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്.
ഏറ്റവും ഉന്നതതലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് പിന്നിലെന്ന് മമത കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ വ്യവസ്ഥാപിത രാഷ് ട്രീയവത്കരണത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും ഇത് ഭരണഘടനയ്ക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മമത കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പശ്ചിമബംഗാളിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി അടക്കമുള്ള 50-ഓളം ഉന്നത ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്.
സംഭവത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച മമത, ബംഗാൾ ഒരിക്കലും ഭീഷണിക്ക് വഴങ്ങിയിട്ടില്ല, ഒരിക്കലും വഴങ്ങുകയുമില്ലെന്നും കൂട്ടിച്ചേർത്തു.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.വി. ആനന്ദബോസിനെ ഗവര്ണര്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. ആനന്ദബോസിനോട് കേന്ദ്രം അനീതിയാണു കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോല്‍ക്കത്തയില്‍ നിന്നും യാത്രതിരിക്കാനൊരുങ്ങുന്ന ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളി പാരമ്പര്യവും മര്യാദയും അനുസരിച്ചാണ് ആനന്ദബോസിനെ കണ്ടത്. ഏറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നല്ല ബന്ധമാണ് ആനന്ദബോസുമായി തുടർന്നതെന്നും മമത വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് സംസ്ഥാന സർക്കാർ കാണിച്ച പ്രോട്ടോക്കോൾ ലംഘനത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിലിഗുരിയിലെ പരിപാടിയിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. രാഷ്ട്രപതിയെപ്പോലൊരു ഭരണഘടനാ മേധാവി എത്തുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ശനിയാഴ്ച സിലിഗുരി വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാൻ സിലിഗുരി മേയർ മാത്രമാണ് എത്തിയത്. മുഖ്യമന്ത്രി മമത ബാനർജിയോ സംസ്ഥാനത്തെ മറ്റ് മുതിർന്ന മന്ത്രിമാരോ അവിടെ ഉണ്ടായിരുന്നില്ല. ഇത് ബോധപൂർവ്വമായ അവഗണനയാണെന്ന് കേന്ദ്രം വിലയിരുത്തുന്നു.
തന്നെ സ്വീകരിക്കാൻ ആരും എത്താതിരുന്നതിലും, പരിപാടിയുടെ വേദി ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലത്തേക്ക് മാറ്റിയതിലും രാഷ്ട്രപതി തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
National
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ ആർ.എൻ. രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ.എൻ. രവി ബിജെപി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്തിരിക്കാം. പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന് മമത പറഞ്ഞു.
ലോക്ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ആനന്ദ ബോസിന്റെ രാജി കേന്ദ്ര സമ്മർദം മൂലമെന്ന് മമത ആവർത്തിച്ചു.
കേന്ദ്ര സർക്കാർ പെരുമാറുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കിനേക്കാൾ മോശമായാണെന്ന് മമത ബാനർജി വിമർശിച്ചു. ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും മമത മുന്നറിയിപ്പ് നൽകി.
സി.വി. ആനന്ദബോസ് രാജിവച്ചതിനെ തുടർന്നാണ് തമിഴ്നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചതിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ സുപ്രീംകോടതി തള്ളി. ഒരു മുഖ്യമന്ത്രി നേരിട്ട് ഹാജരാകുന്നത് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മമത ബാനർജി നേരിട്ട് ഹാജരായത്. ഇതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ ഉന്നയിച്ച എതിർപ്പുകളാണ് കോടതി തള്ളിയത്.
"ഇതിൽ കേട്ടുകേൾവിയില്ലാത്തതായി എന്താണുള്ളത്? ഇത് ഭരണഘടനയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്," എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകനോട് പറഞ്ഞു.
ഫെബ്രുവരി നാലിന് നടന്ന ഹിയറിംഗിൽ മമത ബാനർജി നേരിട്ട് ഹാജരാവുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി നൽകുന്നു എന്ന് ആരോപിച്ച് കമ്മീഷനെ "വാട്സാപ്പ് കമ്മീഷൻ" എന്നാണ് മമത വിശേഷിപ്പിച്ചത്.
അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും, വിവാഹശേഷം പേര് മാറിയ സ്ത്രീകളെയും ദരിദ്രരായ വോട്ടർമാരെയും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും മമത വാദിച്ചു. പുതുതായി പേര് ചേർക്കുന്നതിനേക്കാൾ കൂടുതൽ പേരുകൾ ഒഴിവാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ബിഹാറിൽ വോട്ടർ പട്ടിക പുതുക്കിയതിന് പിന്നാലെയാണ് കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഈ നടപടി തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സിഖുകാരോട് വിദ്വേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എസ്ഐആറിനെതിരേ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ മോദി, മോദിയെന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങൾ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടർന്ന് പ്രസംഗം ആരംഭിച്ച മോദി പ്രതിപക്ഷത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ചു.
83 വയസുള്ള ഖാർഗെയ്ക്ക് പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്ന് മോദി പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ പ്രതിപക്ഷം തളർന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും നീതിക്കായി താൻ കോടതിയെ സമീപിക്കുകയാണെന്നും മമത പറഞ്ഞു.
ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു 'വാട്സാപ്പ് കമ്മീഷനായി' മാറിയിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്സാപ്പിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ കമ്മീഷൻ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ഉള്ളവ ഒഴിവാക്കാനാണ് കമ്മീഷൻ താത്പര്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മാറുന്ന സ്ത്രീകളുടെ പേരുകൾ പോലും പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്യപ്പെടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം ഏകദേശം 58 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി അവർ കോടതിയിൽ പറഞ്ഞു.
അസം പോലുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിധം ബംഗാളിൽ മാത്രം എന്തിനാണ് ഇത്ര ധൃതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മമത ചോദിച്ചു. സാധാരണ രണ്ട് വർഷം എടുക്കുന്ന നടപടികൾ വെറും രണ്ട് മാസം കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്നും അവർ ആരോപിച്ചു.
മമതയുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പുതുക്കുമ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ കൂടുതൽ 'സെൻസിറ്റീവ്' ആയി പെരുമാറണമെന്ന് കോടതി നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകുകൾ മാത്രം നോക്കി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കരുതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ അടുത്ത വാദം ഫെബ്രുവരി ഒൻപതിന് നടക്കും.
Kerala
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി കോടതിയിൽ വാദിച്ചു.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് ഉറപ്പ് നൽകിയ സുപ്രീംകോടതി, മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും കോടതിയിൽ പരിഗണിക്കും.
ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആർ നോട്ടീസ് നൽകിയത്. 100 ലധികം പേരാണ് എസ്ഐആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് ആസാമിൽ എസ്ഐആർ ഇല്ലാത്തത്?. തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.
ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ മമത ബാനർജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നുണ പറയുകയാണെന്നും അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും പരസ്യമായി ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തന്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് മമത ബാനർജി യോഗം ബഹിഷ്കരിച്ചത്. തനിക്ക് സംസാരിക്കാൻ അനുവദിച്ച സമയം വെട്ടിക്കുറച്ചതായും അവർ പരാതിപ്പെട്ടു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മമത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ 'നുണയൻ' എന്ന് വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇതിനായി പാർലമെന്റിൽ നടപടികൾ സ്വീകരിക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന പരാതി.
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മമത ബാനർജി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിൽ ഹാജരായി വാദിക്കാൻ തീരുമാനിച്ചതും കമ്മീഷനെതിരെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
National
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നീക്കം.
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കുന്നത് അപൂര്‍വമായ സംഭവമാണ്. ഇതിനായി മമത ബാനര്‍ജിക്ക് സുപ്രീംകോടതി പ്രത്യേക സുരക്ഷാ പാസ് അനുവദിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കുന്ന നിലവിലെ രീതി അശാസ്ത്രീയമാണെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്നും മമത ആരോപിക്കുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലം സംസ്ഥാനത്ത് ഏകദേശം 140 പേര് മരിച്ചതായി മുഖ്യമന്ത്രി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതിയായ പരിശീലനം ലഭിക്കാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ചോദ്യം ചെയ്യുന്നു. 'ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നിലവിലെ പരിഷ്കരണം നടക്കുന്നത്. ഇത് വോട്ടര്‍മാരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ജനുവരി 28-നാണ് മമത ബാനര്‍ജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും കക്ഷിചേര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്കിയ ഹര്‍ജികള്‍ക്കൊപ്പം ഈ കേസും കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
National
കോൽക്കത്ത: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു.
മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തെ ആദ്യം മുതൽ ശക്തമായി എതിർക്കുന്ന നിലപാടാണ് മമത ബാനർജി സ്വീകരിച്ചിട്ടുള്ളത്.
വ്യാപകമായ നിലയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും ഹർജിയിൽ ആരോപിക്കുന്നത്.
Kerala
കോൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും മമതാ ആവശ്യപ്പെട്ടു.
"അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം'.- മമത എക്സിലെ കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ വിമാനദുരന്തത്തിലാണ് അജിത് പവാർ ഉൾപ്പടെയുള്ളവർ മരിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇഡി റെയ്ഡ് തടസപ്പെടുത്തിയ വിഷയത്തിൽ മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസി അന്വേഷണം തടസപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയ്ക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പോലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. കുറ്റവാളികൾക്ക് സംസ്ഥാന ഏജൻസികൾ സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.
റെയ്ഡിനിടെയുള്ള സിസി ടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും നിർദേശിച്ചു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിൽ ഇടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. എന്നാൽ ഇതാരോപിച്ച് അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബംഗാൾ സർക്കാരിന്റെ ഇടപെടൽ മൂലം ന്യായമായ അന്വേഷണത്തിനുള്ള അവകാശം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി സുപ്രീംകോടതിയെ സമീപിച്ചത്.
കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്നും നിയമപരമായ പരിശോധനകൾ നടത്തുന്നതിൽനിന്നും ഉദ്യോഗസ്ഥരെ തടഞ്ഞതായി ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായും ഇഡി ആരോപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ഐപാക് എന്ന കണ്‍സൾട്ടൻസിയിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് സർക്കാർ രംഗത്തു വന്നത്.
National
പാറ്റ്ന: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഭരണഘടനയെ പോലും അവർക്ക് ബഹുമാനമില്ലെന്നും ഗിരിരാജ് കുറ്റപ്പെടുത്തി.
"ബംഗാളിലെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അത് തകർക്കുകയാണ്. അവർ ജനാധിപത്യത്തിന് എതിരാണ്. ഇഡി റെയ്ഡൊക്കെ തടസപ്പെടുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.'- ഗിരിരാജ് സിംഗ് വിമർശിച്ചു.
"ബംഗാളിനെ നുഴഞ്ഞുക്കയറ്റക്കാർക്ക് തീറെഴുതി കൊടുക്കാനാണ് മമത ശ്രമിക്കുന്നത്. നാടിനെ രക്ഷിക്കണമെങ്കിൽ അവരെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കണം. ഇനി മമതയെ ഒരിക്കലും ജയിപ്പിക്കരുത്.'-ഗിരിരാജ് സിംഗ് പറഞ്ഞു.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്റെ ഓഫീസിലും സ്ഥാപനത്തിന്റെ മേധാവി പ്രതീക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്നിന്റെ ഫ്ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്നിന്റെ വസതിയിലെത്തി.
പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ എസ്ഐആർ നടപടികൾ നിർത്തിവയ്പ്പിക്കാനാണ് മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് അവരെന്നും ദിലീപ് ഘോഷ് പറഞ്ഞു.
"ബംഗാളിൽ എല്ലായിടത്തും എസ്ഐആർ നടപ്പാക്കും. വ്യാജ വോട്ടർമാരെ പട്ടികയിൽ ഒഴുവാക്കും. വ്യാജൻമാരുടെ ബലത്തിലാണ് മമത ഇത്രയും കാലം ജയിച്ചിരുന്നത്. അതുകൊണ്ട് എങ്ങനെയും എസ്ഐആർ നിർത്തിവയ്പ്പിക്കാൻ അവർ ശ്രമിക്കും.'-ദിലീപ് പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾക്ക് തൃണമൂലിന്റെ ഭരണം മടുത്തു. അവർ ബിജെപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പാണ്. വ്യാജ വോട്ടർമാർ വോട്ട് ചെയ്താൽ മാത്രമെ ടിഎംസിക്ക് വീണ്ടും അധികാരം ലഭിക്കുള്ളു. അത് ഇനി എന്തായാലും നടക്കില്ല. എസ്ഐആർ പൂർത്തിയാകുന്നതോടെ ടിഎംസിയുടെ കഥയും കഴിയും.'-ദിലീപ് ഘോഷ് പറഞ്ഞു.
National
കൊൽക്കത്ത: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ സ്ത്രീകൾ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കണമെന്ന് മമത പറഞ്ഞു.
കൃഷ്ണനഗറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്ന് തനിക്ക് കാണണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു.
ബിഹാറിന് കഴിയാത്തത് ബംഗാളിന് സാധിക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
National
കൊല്‍ക്കത്ത: ബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് വിശദീകരണവുമായി മമതതന്നെ രംഗത്തെത്തിയത്. വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽനിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമതാ ബാനർജി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഹിംഗ്യകൾ, ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ താൻ എസ്ഐആർ പൂരിപ്പിക്കില്ലെന്നാണ് അവർ പറയാൻ ആഗ്രഹിച്ചതെന്ന് ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി.
പെൺകുട്ടി എന്തിനാണ് രാത്രി 12.30 ന് കോളജിൽ നിന്നും പുറത്തുപോയത്. രാത്രിയിൽ കോളജിൽ നിന്നും പുറത്ത് പോകാൻ പെൺകുട്ടികളെ അനുവദിക്കരുത്. സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്നും മമത ബാനർജി പറഞ്ഞു.
അതേസമയം, സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികൾ ആക്ടിംഗ് പ്രധാനമന്ത്രിയുടേത് പോലെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായിൽ അമിതമായി വിശ്വാസമർപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും മമത പറഞ്ഞു.
ഇതെല്ലാം അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് കോൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
15 ദിവസത്തിനകം വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ നിർദേശപ്രകാരമാണിതെന്നും മമത ആരോപിച്ചു.